ഭാഷകൊണ്ടും സംസ്കാരം കൊണ്ടും ഭൂപ്രകൃതി കൊണ്ടുമെല്ലാം വൈവിധ്യമാർന്ന ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യ.ആ വൈവിധ്യങ്ങൾക്കിടയിലുള്ളമറ്റൊരു വൈവിധ്യമാണ് ഇന്ത്യയിലുള്ള സിദ്ദി ജനവിഭാഗം.
ഇത്തരത്തിലുള്ള ഒരു ജനവിഭാഗം ഇന്ത്യയിൽ വസിക്കുന്നുണ്ട് എന്നത് നമ്മളിൽ പലർക്കും അജ്ഞാതമായ ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ നമ്മുടെ ചർച്ച അവരെക്കുറിച്ച് തന്നെ ആയാലോ.
തീരദേശ കർണാടക, ഗുജറാത്ത് ആന്ധ്രപ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ അധിവസിക്കുന്ന ഒരു സമൂഹം ആദിവാസി ജനതയേയാണ് സിദ്ദികൾ അഥവാ ആഫ്രോ- ഇന്ത്യൻസ് എന്ന് പറയുന്നത്. ആദ്യ കാഴ്ചയിൽ ഒരു ആഫ്രിക്കൻ മുഖലക്ഷണം ഉള്ളതുകൊണ്ട് തന്നെ പലരും ഇവരെ വിദേശികളായി തെറ്റിദ്ധരിക്കുന്നത് പതിവാണ്.
കിഴക്കൻ ആഫ്രിക്കയിലെ Bantu ജനവിഭാഗത്തിൽ പെടുന്നവരുടെ പിൻഗാമികളാണ് സിദ്ദി ജനവിഭാഗം. ഇവർ മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്നത് Habishis എന്നാണ്. ആഫ്രിക്കൻ രാജ്യമായ എത്യോപ്യയുടെ അറബിക് പേരാണ് Habishis. അപ്പോൾ ആഫ്രിക്കൻ വംശജരായ ഇവർ എങ്ങനെയാണ് ഇന്ത്യയിൽ എത്തപ്പെട്ടതും പിന്നീട് ഇന്ത്യയുടെ ഭാഗമായതും ?
സിദ്ധി ജനവിഭാഗത്തെ പറ്റി കൂടുതൽ അറിയണമെങ്കിൽ അവരുടെ ചരിത്രത്തെപ്പറ്റി കൂടുതൽ അറിയേണ്ടതുണ്ട്.
ഏഴാം നൂറ്റാണ്ടിൽ അറബികൾ ആണ് ഇവരെ ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ആദ്യമായി കൊണ്ടുവരുന്നത്. എന്നാൽ ഇന്ത്യയിലെ സിദ്ദി ജനതയുടെ സാന്നിധ്യം ആദ്യം രേഖപ്പെടുത്തുന്നത് AD 1100 കളിൽ ആണ്. സിദ്ധികൾ പടിഞ്ഞാറൻ ഇന്ത്യയിൽ സ്ഥിര താമസമാക്കുമ്പോഴാണ് ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ രേഖപ്പെടുത്തുന്നത്.
പിന്നീട് പതിമൂന്നാം നൂറ്റാണ്ടിൽ ഇവരെ ഇന്ത്യയിലെ നവാബുമാരും സുൽത്താന്മാരും സൈനിക ആവശ്യങ്ങൾക്കായും അടിമ ജോലികൾ ചെയ്യുന്നതിന് വേണ്ടിയും ഇന്ത്യയിൽ കൊണ്ടുവരികയുണ്ടായി. എന്നാൽ വൻതോതിൽ ഇവരെ ഇന്ത്യയിലെത്തിച്ചത് പോർച്ചുഗീസുകാരും ബ്രിട്ടീഷുകാരും ആയിരുന്നു. 17 മുതൽ 19 വരെയുള്ള നൂറ്റാണ്ടുകളിൽ ആയിരുന്നു ഈ അടിമകളുടെ വൻതോതിലുള്ള ഇറക്കുമതി നടക്കുന്നത്. എന്നാൽ ഇതിലൊന്നും പെടാതെ ചില സിദ്ദി ജനവിഭാഗത്തിൽപ്പെടുന്ന കുറച്ചു പേർ വ്യാപാരത്തിനും മറ്റുമായി ഇന്ത്യയിൽ വന്ന് സ്ഥിരതാമസമാക്കിയവരുമുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയിൽ അടിമത്തം നിർത്തലാക്കിയപ്പോൾ ഈ ജനവിഭാഗം, പീഡനങ്ങളും മറ്റും ഭയന്ന് കാടുകളിലേക്കും മറ്റും പാലായനം ചെയ്യപ്പെടുകയും ചെയ്തു. പിന്നീട് കാലക്രമേണ ആ പ്രദേശങ്ങൾ ഇവരുടെ ജനവാസകേന്ദ്രം ആയി മാറുകയായിരുന്നു.
സിദ്ദി ജനവിഭാഗത്തെ പറ്റി ധാരാളം പഠനങ്ങൾ നടത്തിയിട്ടുണ്ട്. ചില ജനിതക പഠനങ്ങൾ തെളിയിക്കുന്നത് സിദ്ദി ജനതയ്ക്ക് ആഫ്രിക്കൻ, യൂറോപ്യൻ, ഏഷ്യൻ എന്നീ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള വംശപാരമ്പര്യം ഉണ്ട് എന്നതാണ്. മറ്റു ചില പഠനങ്ങൾ തെളിയിക്കുന്നത് സിദ്ദി ജനത ആഫ്രിക്കൻ വംശവുമായിട്ടാണ് ഏറ്റവും കൂടുതൽ ബന്ധമുള്ളത് എന്നാണ്. എന്നിരുന്നാലും സിദ്ദികൾ ഏത് ആഫ്രിക്കൻ വംശത്തിൽ നിന്നും ആണ് ഊരിത്തിരിഞ്ഞത് എന്നതിൻറെ ഉത്തരം ഇന്നും അജ്ഞാതമായി തുടരുന്നു.
ഇന്ന് എല്ലാ വിധത്തിലും സിദ്ദി ജനത ഇന്ത്യൻ പൗരന്മാർ തന്നെയാണ്. ഇന്ത്യൻ ഭാഷ സംസാരിക്കുന്നു, ഇന്ത്യൻ സംസ്കാരത്തിൽ ജീവിക്കുന്നു, സ്വയം ഇന്ത്യൻ ആണെന്ന് തിരിച്ചറിയുന്നു.,എന്നാൽ അവരെ ഇന്ത്യക്കാരിൽ നിന്നും വ്യത്യസ്തരാക്കുന്നത് അവരുടെ ബാഹ്യരൂപം തന്നെയാണ്. ഒരു തനതായ ആഫ്രിക്കൻ മുഖച്ഛായയാണ് അവർക്കുള്ളത്. ഈയൊരു കാരണം കൊണ്ട് തന്നെ അവർ ഇന്ത്യയിൽ വംശീയ അധിക്ഷേപങ്ങൾക്കും മാറ്റിനിർത്തപ്പെടലുകൾക്കും എല്ലാം വിധേയരാകുന്നു എന്നത് കുറച്ച് വേദനാജനകം ആയിട്ടുള്ള കാര്യം തന്നെയാണ്. എന്നിരുന്നാലും ഇന്ന് ഈ ജനവിഭാഗം സമൂഹത്തിൽ തൊഴിൽമേഖലയിലും കായിക മേഖലയിലും എല്ലാം മുന്നോട്ടുവരുന്നു എന്നത് കുറച്ച് ആശ്വാസം നൽകുന്നു.
സിദ്ദി ജനത ദേശീയതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത് 1980കളിൽ ഇവരുടെ കായിക മേഖലയിലുള്ള കടന്നുവരവിലൂടെയാണ്. ആഫ്രിക്കൻ വംശജർ ആയതുകൊണ്ട് തന്നെ ഇവരുടെ അസാമാന്യ കായികക്ഷമത പരിഗണിച്ച് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ആണ് സിദ്ദി ജനവിഭാഗത്തെ ഈ രംഗത്തേക്ക് പ്രവേശിപ്പിക്കുന്നത്. അത്‌ലറ്റിക്സിൽ ആയിരുന്നു ഇവർക്ക് പരിശീലനം കൊടുത്തിരുന്നതും മത്സരയിനങ്ങളിൽ പങ്കെടുപ്പിച്ചതും. ഈ മേഖലയിൽ ധാരാളം മെഡലുകളും ഇവർ ഇന്ത്യയ്ക്ക് നേടിക്കൊടുത്തു. ഇതിലൂടെ ഈ ജനവിഭാഗത്തിന് ഇന്ത്യയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുകയും തൊഴിൽ മേഖലയിലും മറ്റുമുള്ള സാധ്യത വർദ്ദിക്കുകയും ചെയ്തു. കർണാടകയിൽ നിന്നുള്ള Kamala Mingel Siddi,ആണ് മികച്ച ദേശീയ-അന്തർദേശീയ സിദ്ധി അത്‌ലറ്റുകളിൽ ഒരാളായി കണക്കാക്കപ്പെടുന്നത്.
ഇത്രയൊക്കെ ആണെങ്കിലും ഇന്നും ധാരാളം വരുന്ന സിദ്ദി ജനവിഭാഗങ്ങൾ വനപ്രദേശങ്ങളിലും മറ്റും കൃഷി ചെയ്തും പുഴകളിൽ മീൻ പിടിച്ചു മൊക്കെയാണ് കഴിഞ്ഞു കൂടുന്നത്. എന്നാൽ ഒരു പ്രദേശത്തിൽ മാത്രം ഒതുങ്ങി കൂടേണ്ടവരല്ല സിദ്ദി ജനത. അവരുടെ കഴിവുകളും സമൂഹ മധ്യേ കൊണ്ടു വരേണ്ടത് അത്യന്താപേക്ഷിതമായിട്ടുള്ളകാര്യമാണ്. ഇന്ത്യ ഗവൺമെന്റ് അവർക്ക് ഇനിയും കൂടുതൽ പ്രോത്സാഹനങ്ങളും ആനുകൂല്യങ്ങളും നൽകട്ടെ എന്ന് പ്രത്യാശിച്ചു കൊണ്ട് ഈ വിവരണം ഇവിടെ പൂർത്തിയാക്കുന്നു.