top of page

Direct Democracy Vs Indirect Democracy


എന്താണ് ജനാധിപത്യം? അക്ഷരാർത്ഥത്തിൽ പറയുകയാണെങ്കിൽ ജനങ്ങളുടെ ഭരണം, അല്ലെങ്കിൽ ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ ഭരണം നടത്തുന്ന ഒരു ഭരണ വ്യവസ്ഥയാണ് ജനാധിപത്യം എന്നത്.

ഇന്ന് നമ്മുടെ രാജ്യം ഉൾപ്പെട്ട മിക്ക രാജ്യങ്ങളിലും നിലനിൽക്കുന്ന ഒരു ഭരണ വ്യവസ്ഥയാണ് ജനാധിപത്യ ഭരണ വ്യവസ്ഥ.

ലോകത്ത് ആദ്യമായി ജനാധിപത്യ വ്യവസ്ഥ ഉടലെടുത്തത് പുരാതന ഗ്രീസിൽ ആണ്.അഞ്ചാം നൂറ്റാണ്ടിൻറെ മധ്യ കാലഘട്ടങ്ങളിൽ ഗ്രീസിലെ ഏതൻസിലാണ് ജനാധിപത്യം എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. ജനങ്ങൾ എന്നർത്ഥം വരുന്ന Demos, ഭരണം എന്നർത്ഥം വരുന്ന Kratos എന്നീ പദങ്ങൾ ചേർന്ന് രൂപപ്പെട്ട Demokratia എന്ന ഗ്രീക്ക് പദമാണ് പിന്നീട് ഇംഗ്ലീഷിൽ Democracy എന്നറിയപ്പെട്ടത്.

ഇന്ന് ലോകത്ത് രണ്ടുതരത്തിലുള്ള ജനാധിപത്യ വ്യവസ്ഥയാനുള്ളത്. പ്രത്യക്ഷ ജനാധിപത്യവും (Direct democracy) പരോക്ഷ ജനാധിപത്യവും (Indirect democracy)

ആദ്യം നമുക്ക് എന്താണ് പ്രത്യക്ഷ ജനാധിപത്യം അല്ലെങ്കിൽ Direct democracy എന്ന് നോക്കാം.പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെ ജനാധിപത്യ തീരുമാനങ്ങളെടുക്കുകയും അവ നടപ്പിലാക്കുകയും ചെയ്യന്ന ഒരു ജനാധിപത്യ വ്യവസ്ഥയാണ് പ്രത്യക്ഷ ജനാധിപത്യം.

ഇവിടെ ജനപ്രതിനിധികൾക്കു പകരം ജനങ്ങൾ തന്നെയാണ് സമ്മേളനങ്ങൾ സംഘടിപ്പിച്, വിവിധ വിഷയങ്ങളിലുള്ള ജനഹിത പരിശോധനകൾ നടത്തുന്നതും, പുതിയ നിയമങ്ങൾക്കും പദ്ധതികൾക്കും മറ്റും മുൻകൈയെടുക്കുന്നതും.

പ്രത്യക്ഷ ജനാധിപത്യ വ്യവസ്ഥയ്ക്ക് പേരുകേട്ട ചുരുക്കം രാജ്യങ്ങളിലൊന്നാണ് സ്വിറ്റ്സർലാൻഡ്. സ്വിറ്റ്സർലാൻഡിൽ സംയുക്തമായ രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്നതിൽ അവിടുത്തെ ജനങ്ങൾ തന്നെയാണ് പ്രധാന പങ്കുവഹിക്കുന്നത്. മറ്റു ജനാധിപത്യ സംവിധാനങ്ങളിൽ ഉള്ളതുപോലെ തന്നെ 18 വയസ്സ് തികയുന്ന ഏതൊരു സ്വിസ് പൗരനും സമ്മതിദാന അവകാശം ലഭിക്കുന്നു.

സമ്മതിദായകരുടെ ( വോട്ടർമാരുടെ ) ഈ അവകാശത്തെ വിനിയോഗിക്കുന്നതിന് വർഷത്തിൽ ഏകദേശം നാല് തവണയാണ് യോഗങ്ങൾ വിളിച്ചു കൂട്ടുന്നത്.ശരാശരി 15 ഓളം വരുന്ന പ്രധാനപ്പെട്ട തീരുമാനങ്ങൾ, അതായത് ഭരണഘടന ഭേദഗതി, പുതിയ നിയമങ്ങൾ കൊണ്ടു വരൽ തുടങ്ങി നിരവധി വിഷയങ്ങളിൽ ജനങ്ങൾക്ക് വോട്ടിംഗിലൂടെ തീരുമാനമെടുക്കാനുള്ള അവസരം ലഭിക്കുന്നു.

പ്രധാനമായും മൂന്ന് രീതിയിലാണ് സ്വിസ് പൗരന്മാർക്ക് അവരുടെ ആവശ്യങ്ങൾ ഉന്നയിക്കാൻ സാധിക്കുന്നത്. അവയിലൊന്നാണ് നിർബന്ധിതമായിട്ടുള്ള അഭിപ്രായ വോട്ടെടുപ്പ് (Mandatory referendum ) ഇത് പ്രകാരം പാർലമെൻറ് കൊണ്ടുവരുന്ന എല്ലാ ഭരണഘടന ഭേദഗതികളും, നിർബന്ധിതമായിട്ടുള്ള ജനഹിത പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷമാണ് പ്രാബല്യത്തിൽ വരുന്നത്. അതായത് രാജ്യത്തെ എല്ലാ പൗരന്മാരും ഈ വോട്ടെടുപ്പിൽ പങ്കെടുക്കണമെന്ന് സാരം.

അടുത്തത് നിർബന്ധിതമല്ലാത്ത അഭിപ്രായവോട്ടെടുപ്പ് (optional referendum). ഇവിടെ സ്വിസ് ഫെഡറൽ അസംബ്ലി പ്രസിദ്ധീകരിക്കുന്ന ഏതെങ്കിലും ബില്ലുമായ് ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും രേഖപ്പെടുത്താനായി ആണ് ഈ ജനഹിത പരിശോധന നടത്തുന്നത്. ഒരു പുതിയ ബിൽ പ്രസിദ്ധീകരിച്ച് 100 ദിവസത്തിനുള്ളിൽ ജനങ്ങൾക്ക് ആവശ്യമെങ്കിൽ അത് റദ്ദ് ചെയ്യാൻ സാധിക്കും എന്നതാണ് ഈ വോട്ടെടുപ്പിന്റെ പ്രത്യേകത.ഇതിനായി ഈ കാലയളവിനുള്ളിൽ 50,000 ജനങ്ങളുടെ ഒപ്പുകൾ ശേഖരിച്ച് ഒരു പൊതുതാൽപര്യഹർജി സമർപ്പിക്കുകയാണ് ചെയ്യുന്നത്.

അടുത്തത് Popular Initiative ഈ ജനഹിതപരിശോധനയിലൂടെ രാജ്യത്തെ പൗരന്മാർക്ക് ഭരണഘടനയിൽ ഭേദഗതി വരുത്താനോ പുതിയവ കൂട്ടിച്ചേർക്കാനോ ഉള്ള അവകാശമാണ് ലഭിക്കുന്നത്. 18 മാസം നീണ്ടുനിൽക്കുന്ന കാലയളവു കൊണ്ട് ഒരു ലക്ഷം ജനങ്ങളുടെ സാധുവായ കയ്യൊപ്പ് അടങ്ങുന്ന ഹർജി സമർപ്പിച്ചു കൊണ്ടാണ് ജനങ്ങളുടെ ഈ അവകാശം സാധ്യമാകുന്നത്.

പ്രത്യക്ഷ ജനാധിപത്യത്തിൻറെ ഏറ്റവും വലിയ നേട്ടം എന്നത് അതിന്റെ സുതാര്യത തന്നെയാണ്. കൂടാതെ നിയമഭേദഗതികളിൽ ജനങ്ങളുടെ നേരിട്ടുള്ള ഇടപെടൽ ഉള്ളതിനാൽ, അത് കൃത്യതയോടെ പാലിക്കുവാൻ അവരെ പ്രാപ്തരാക്കുന്നു.അഴിമതി കുറയ്ക്കുന്നതിനും പ്രത്യക്ഷ ജനാധിപത്യം വളരെ വലിയ പങ്കാണ് വഹിക്കുന്നത്.

പ്രത്യക്ഷ ജനാധിപത്യത്തിൻറെ നേട്ടങ്ങളെപ്പോലെ തന്നെ ചില കോട്ടങ്ങളും എടുത്തുപറയേണ്ടതാണ്. ഈ വ്യവസ്ഥയുടെ മറ്റൊരു പ്രധാന പോരായ്മ എന്നത് ന്യൂനപക്ഷങ്ങൾക്ക് മതിയായ അവകാശങ്ങൾ ലഭിക്കുന്നില്ല എന്നതാണ്. കാരണം ജനഹിത പരിശോധനയിൽ ഭൂരിപക്ഷ മാത്രമേ വിജയിക്കാറുള്ളു.

ഇനിയുള്ള പോരായ്മ എന്നത് എല്ലായ്പ്പോഴും ശരിയായിട്ടുള്ള തീരുമാനങ്ങളെടുക്കാൻ സാധിക്കില്ല എന്നതാണ്. കാരണം ജനഹിത പരിശോദനയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒരേ വിദ്യാഭ്യാസവും കാഴ്ചപ്പാടുകളു ഉണ്ടാകണമെന്നില്ല അതിനാൽ തീരുമാനങ്ങളും വ്യത്യസ്തമായിരിക്കും.

കൂടാതെ പ്രത്യക്ഷ ജനാധിപത്യം ജനസംഖ്യ കുറഞ്ഞ രാജ്യങ്ങളിൽ മാത്രമേ പ്രാവർത്തികമാക്കുകയുള്ളു എന്നുള്ളതും ഈ വ്യവസ്ഥയുടെ ഒരു വലിയ പോരായ്മ തന്നെയാണ്.

ഇനി നമുക്ക് എന്താണ് പരോക്ഷ ജനാധിപത്യം (Indirect Democracy) എന്ന് പരിശോധിക്കാം.

ലോക രാജ്യങ്ങളിൽ ഏറ്റവുമധികം നിലനിൽക്കുന്ന ജനാധിപത്യ സംവിധാനമാണ് പരോക്ഷ ജനാധിപത്യം. പ്രത്യക്ഷ ജനാധിപത്യത്തിന് വിപരീതമായി ജനങ്ങൾ നേരിട്ട് ഭരണകാര്യങ്ങളിൽ ഇടപെടുന്നതിനു പകരം, ജനങ്ങൾ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികളാണ് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത്.

ജനപ്രതിനിധികളിലൂടെ ഭരണം നടത്തുന്നതിനാൽ ഈ വ്യവസ്ഥയെ പ്രാതിനിധ്യ ജനാധിപത്യം (Reprensentative democracy) എന്നും അറിയപ്പെടാറുണ്ട്.

പരോക്ഷ ജനാധിപത്യ വ്യവസ്ഥയ്ക്ക് ഏറ്റവും നല്ല ഒരു ഉദാഹരണമാണ് നമ്മുടെ ഇന്ത്യ.

മിക്ക രാജ്യങ്ങളിലും പരോക്ഷ ജനാധിപത്യം നിലനിൽക്കുന്നുണ്ടെങ്കിലും ഓരോ രാജ്യത്തും അതിൻറെ വകഭേദങ്ങൾ നമുക്ക് കാണാൻ സാധിക്കും. ഉദാഹരണമായി പരോഷ ജനാധിപത്യം നിലനിൽക്കുന്ന United Kingdom-ത്തിന്റെ കാര്യം നോക്കാം, ഭരണഘടനാപരമായ രാജവാഴ്ച്ചയും പാർലമെൻററി ജനാധിപത്യവും ഒത്തു കൊണ്ടുപോകുന്ന ഒരു ഭരണ വ്യവസ്ഥയാണ് UK യിലുള്ളത്.

ഇതേസമയം അമേരിക്കയിൽ നില നിൽകുന്ന പരോഷ ജനാധിപത്യവ്യവസ്ഥ എടുത്തു നോക്കുകയാണെങ്കിൽ ഇന്ത്യയിൽ നിന്നും UK യിന്നും എല്ലാം വ്യത്യസ്ഥമായി പ്രസിഡൻഷ്യൽ ജനാധിപത്യ വ്യവസ്ഥയാണ് തുടർന്നു വരുന്നത്. അതായത് അവിടെ പ്രസിഡൻറ് ആണ് രാജ്യത്തിനുമേൽ പൂർണ്ണ അധികാരം ഉള്ളത്. അതേസമയം യുകെയിലും ഇന്ത്യയിലും പ്രധാനമന്ത്രിക്കാണ് ആ അധികാരം ഉള്ളത്.

ഇനി നമുക്ക് പരോക്ഷ ജനാധിപത്യത്തിൻറെ പ്രത്യേകതകളെ കുറിച്ച് നോക്കാം. ആദ്യം പറഞ്ഞതുപോലെ തന്നെ രാജ്യത്ത് വരുത്തുന്ന മാറ്റങ്ങൾക്ക്, ഓരോ ജനങ്ങൾക്കും പരോക്ഷമായിട്ടുള്ള പങ്കാളിത്തം ആണ് ഈ വ്യവസ്ഥയിലൂടെ സാധ്യമാകുന്നത്. ജനപ്രതിനിധികളിലൂടെയുള്ള ഭരണവ്യവസ്ഥ ആയത് കൊണ്ട് തന്നെ വലിയ രീതിയിലുള്ള രാഷ്ട്രീയ മത്സരങ്ങൾ ഈ വ്യവസ്ഥയുടെ ഭാഗമാണ്.

പരോക്ഷ ജനാധിപത്യത്തിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ് നിയമവ്യവസ്ഥയിലുള്ള തുല്യത.അതായത് രാജ്യത്തെ ഓരോ പൗരനും തുല്ല്യ അവകാശമാണ് നൽകപ്പെടുന്നത്.

ഇനി നമുക്ക് ഈ വ്യവസ്ഥയുടെ ചില പോരായ്മകളെക്കുറിച്ച് നോക്കാം.

അതിലൊന്നാണ് ജനപ്രതിനിധികളെ തിരഞ്ഞെടുക്കുമ്പോൾ ഉണ്ടാകുന്ന അപാകതകൾ . വിശ്വാസം എന്ന ഒരു വസ്തുതയുടെ പേരിലാണ് ഞങ്ങൾ ഒരു പ്രതിനിധിയെ തിരഞ്ഞെടുക്കുന്നത്.എന്നാൽ ഭരണത്തിലേറിയ ശേഷം ആ ജനപ്രതിനിധികൾക്ക് തങ്ങളുടെ അജണ്ടകളിൽ മാറ്റം വരുത്താനുള്ള അവകാശം ഉണ്ട്. ചില സന്ദർഭങ്ങളിൽ ജനപ്രതിനിധികൾ കണ്ടുവരുന്ന ആ മാറ്റം ജനങ്ങളുടെ പ്രതീക്ഷകൾക്ക് വിപരീതമായി മാറാറുമുണ്ട്.

തിരഞ്ഞെടുപ്പ് സമയങ്ങളിൽ പ്രചാരണത്തിനും മറ്റും വേണ്ടി നടത്തുന്ന അതിക ചിലവാണ് മറ്റൊരു പോരായ്മ.

ന്യൂനപക്ഷങ്ങൾക്ക് നേരിടേണ്ടിവരുന്ന അവകാശ നിഷേധങ്ങളും ഈ വ്യവസ്ഥയുടെ പോരായ്മകളിൽ പെടും.

ഇന്ന് നാം ചർച്ച ചെയ്തത് പ്രത്യക്ഷ ജനാധിപത്യത്തെക്കുറിച്ചും പരോക്ഷ ജനാധിപത്യത്തെ കുറിച്ചുമാണ്. രണ്ട് വ്യവസ്ഥകളിലും ചില നേട്ടങ്ങളും പോരായ്മകളും ഉണ്ടെങ്കിലും. പ്രത്യക്ഷ ജനാധിപത്യത്തിന് പരിമിതികൾ ഏറെയാണ്. ആധുനിക ലോകത്ത് കാര്യക്ഷമതയോടെയും കൂടുതൽ പ്രായോഗികം ആയിട്ടുള്ള രീതിയിൽ തുടരുവാൻ പരോക്ഷ ജനാധിപത്യം തന്നെയാണ് എന്തുകൊണ്ടും അനുയോജ്യം.

댓글


bottom of page