ഇന്ന് നമ്മൾ പങ്കുവെയ്ക്കാൻ പോകുന്നത് ഫിൻലന്റിലെ വിദ്യാഭ്യാസ രീതിയെ കുറിച്ചാണ് .
ഒരു വ്യക്തിയെ സംബന്ധിച്ചും ഒരു സമൂഹത്തെ സംബന്ധിച്ചും വിദ്യാഭ്യാസം എന്നത് പരമപ്രധാനമായ ഘടകമാണ്. ത
ന്റെ പൗരന്മാർക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിന് ലോക രാഷ്ട്രങ്ങൾ പല രീതിയിലുള്ള മാറ്റങ്ങളും അഴിച്ചു പണികളും നടത്താറുണ്ടെങ്കിലും അതിനെയെല്ലാം കടത്തിവെട്ടി കൊണ്ടും എന്നാൽ ലളിതവുമായ ഒരു വിദ്യാഭ്യാസ സംബ്രദായം കൊണ്ട് വന്ന് ലോക രാജ്യങ്ങളെ തന്നെ അതിശയിപ്പിച്ചിരിക്കുകയാണ് ഫിൻലന്റ് എന്ന ഈ കൊച്ച് രാഷ്ട്രം
രാജ്യത്തിന്റെ സമ്പദ്ഘടനയുടെ ഏറിയ പങ്കും വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുന്നതിനാൽ പ്രൈവറ്റ് സ്കൂൾ എന്ന ആശയം തന്നെ ഇവിടെ കാണാൻ കഴിയില്ല കാരണം അത്രമേൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം പബ്ലിക്ക് സ്കൂളുകളിൽ ലഭിക്കുന്നതിനാൽ പ്രൈവറ്റ് സ്കൂളുകളുടെ ആവശ്യകതയും വരുന്നില്ല.
കൂടാതെ പ്രൈമറി സ്കൂളുകൾ മുതൽ യൂണിവേഴ്സിറ്റി വിദ്യാഭ്യാസ കാലം വരെ തികച്ചും സൗജന്യമായിട്ടുള്ള വിദ്യാഭ്യാസമാണ് ഇവിടുത്തേത്.
സാധാരണ മൂന്നും നാലും വയസിലൊക്കെ പ്രീ പ്രൈമറി സ്കൂളുകളിലും കിന്റർഗാർഡനിലുമൊക്കെ കുട്ടികളെ കൊണ്ട് ചേർക്കുന്നതാണ് പൊതുവേ മറ്റു രാജ്യങ്ങളിലെ മാതാപിതാക്കളുടെ പതിവ്. എന്നാൽ ഫിൻലന്റിലെ കുട്ടികൾ 7 വയസാകുമ്പോഴാണ് തന്റെ ഔദ്യോഗികമായ വിദ്യാഭ്യാസം ആരംഭിക്കുന്നത്.
ആ പ്രായം വരെയും മാതാപിതാക്കളിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും പ്രകൃതിയിൽ നിന്നുമൊക്കെയുള്ള അറിവ് സ്വായത്തമാക്കുകയാണ് ചെയ്യുന്നത്. ചുരുക്കിപ്പറഞ്ഞാൽ കുട്ടിക്കാലം പരമാവധി ആസ്വദിക്കുക എന്ന ആശയമാണ് ഇവർക്കുള്ളത്.
ഇനി സ്കൂൾ വിദ്യാഭ്യാസം തുടങ്ങിയാൽ തന്നെ ആഴ്ച്ചയിൽ മൊത്തം 20 മണിക്കൂർ മാത്രമേ പoന സമയം ഉള്ളു അതായത് ഏകദേശം നാല് മണിക്കൂർ മാത്രമേ ഇവിടുത്തെ കുട്ടികൾ സ്കൂളിൽ ഒരു ദിവസം ചിലവഴിക്കുന്നുള്ളു.
ബാക്കിയുള്ള സമയങ്ങളിലെല്ലാം മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനും പുസ്തകങ്ങൾ വായിക്കുന്നതിനും സർഗ്ഗാത്മകമായിട്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുമാണ് വിനിയോഗിക്കുന്നത്.
പിന്നെ മറ്റൊരു രസകരമായ ഒരു കാര്യം എന്തെന്നാൽ ഹോം വർക്ക് എന്ന ഒരു സംബ്രദായം ഇവിടെ ഇല്ല എന്നതാണ്. ഉണ്ടെങ്കിൽ തന്നെ പത്തോ പതിനഞ്ചോ മിനിട്ടിൽ കൂടുതൽ നീളാറുമില്ല. കുട്ടികളായാലും കൗമാരപ്രായക്കാരായാലും ഒരിക്കൽ മാത്രം കിട്ടുന്ന അവരുടെ ആ കാലയളവ് പരമാവധി ആസ്വദിക്കുക എന്നതാണ് ഇവിടുത്തെ വിദ്യാഭ്യാസ രീതി പറയുന്നത്.
അതു പോലെ തന്നെ സെക്കന്ററി വിദ്യാഭ്യാസത്തിന്റെ അവസാന വർഷം വരെ ഒരു മൂല്യനിർണ്ണയ പരീക്ഷകളും നടത്തുന്നില്ല എന്നതാണ് പകരം ഓരോ കുട്ടികൾക്കും പ്രത്യേകം ശ്രദ്ധ കൊടുക്കുകയും അവരുടെ പാഷൻ മനസിലാക്കി അതിനനുസരിച്ചിട്ടുള്ള പ്രോൽസാഹനം കൊടുക്കുകയാണ് ചെയ്യുന്നത്.
ഓരോ കുട്ടികളുടേയും പാഷൻ അനുസരിച്ച് അത് ചിലപ്പോൾ ശാസ്ത്രത്തിലുള്ള ആഭിമുഖ്യം ആകാം പാചകം ആകാം സ്പോർട്സ് ആകാം സംഗീതം ആകാം ഏതായാലും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയിട്ടാണ് അവരുടെ മൂല്യ നിർണ്ണയം നടത്തുന്നത്.
എന്നാൽ അതിന്റെ റിസൾട്ട് പ്രസിദ്ധീകരിക്കുകയോ കുട്ടികളെ അറിയിക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ച് മാനസിക സമ്മർദ്ദമോ മത്സര ബുദ്ധിയോ ഒന്നും തന്നെ ഉണ്ടാകാറുമില്ല.
9 വർഷത്തെ നിർബന്ധിത സ്കൂൾ വിദ്യാഭ്യാസമാണ് ഇവിടെ നിലനിൽക്കുന്നത് അത് കഴിഞ്ഞ് പഠനം നിർത്തുകയോ അല്ലെങ്കിൽ Finnish Matriculation examination എഴുതി യൂണിവേഴ്സിറ്റികളിൽ ജോയിൻ ചെയ്യുകയോ ചെയ്യാം.
പിന്നെ മറ്റൊരു കാര്യം എന്നത് ഒരിക്കൽ പഠനം നിർത്തിയ ഒരാൾക്ക് പിന്നീട് പഠിക്കണമെന്ന് തോന്നിയാൽ അതും ഇവിടെ സാധ്യമാണ്. അതിനായ പ്രത്യേകം Entrance പരീക്ഷകളും ഇവർ നടത്തുന്നുണ്ട്.
വിദ്യാഭ്യാസത്തിന് ഇത്രയതികം പ്രാധാന്യം കൊടുക്കുന്നത് കൊണ്ട് തന്നെ ഫിൻലന്റിൽ ഒരു അധ്യാപകനായി ജോലി ലഭിക്കുന്നതിനും വളരെ പ്രയാസമാണ്. പ്രൈമറി അധ്യാപകനായി ജോലി ചെയ്യുന്നതിനു പോലും മാസ്റ്റേഴ്സ് ഡിഗ്രി ആണ് ഫിനിഷ് ഗവൺമെന്റ് ആവശ്യപ്പെടുന്നത്.
അതുപോലെ തന്നെ ഒരു ഡോക്ടറിനു കൊടുക്കുന്ന അതേ ബഹുമാനമാണ് ഫിൻലന്റിലെ അധ്യാപകർക്കും ലഭിക്കുന്നത്.
തികച്ചും മാതൃക ആക്കേണ്ട ഫിൻലന്റ്കാരുടെ ഈ വിദ്യാഭ്യാസ രീതി വരും കാലങ്ങളിൽ ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാഷ്ട്രങ്ങളിലും വരുമെന്ന് പ്രത്യാശിച്ചു കൊണ്ട് ഈ വിവരണം ഇവിടെ നിർത്തുകയാണ്.