top of page

സ്വീഡൻ വേസ്റ്റ് മാനേജ്മെട് മോഡൽ കേരളം കണ്ട് പഠിക്കട്ടെ


പരിസ്ഥിതി സംരക്ഷണത്തിനും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും വേണ്ടി ഏതൊരു രാജ്യത്തും ഉണ്ടായിരിക്കേണ്ട ഒരു വ്യവസ്ഥയാണ് മാലിന്യ സംസ്കരണം എന്നത്. എന്നാൽ പല രാജ്യങ്ങളിലും, പ്രത്യേകിച്ചും വികസ്വര രാജ്യങ്ങളിൽ ശരിയായിട്ടുള്ള മാലിന്യ സംസ്കരണം നടക്കുന്നില്ല എന്നതാണ് വാസ്തവം.

കണക്കുകളുടെ അടിസ്ഥാനത്തിൽ ലോകത്ത് 59 ശതമാനത്തിലേറെ മാലിന്യങ്ങളും ശരിയായ രീതിയിൽ സംസ്കരിക്കാനാകാതെ മാലിന്യ കൂമ്പാരങ്ങളായി കെട്ടിക്കിടക്കുകയാണ്. ഇത് മണ്ണിനേയും ഭൂഗർഭജലത്തേയും മലിനമാക്കുന്നതിനോടൊപ്പം ധാരാളം വിഷവസ്തുക്കളേയും പുറംതള്ളുന്നു. കൂടാതെ ധാരാളം പാരിസ്ഥിതി പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു.

ഇന്ന് പല രാജ്യങ്ങളും ദിനംപ്രതി ഉണ്ടാകുന്ന മാലിന്യങ്ങളെ എങ്ങനെ നിർമ്മാർജ്ജനം ചെയ്യും എന്ന ആശങ്കയിലാണ്. ഘട്ടത്തിലാണ് സ്വീഡൻ എന്ന ഒരു നോർഡിക് രാജ്യം വളരെ വേറിട്ടതും സമർത്ഥവുമായിട്ടുള്ള ഒരു മാലിന്യ സംസ്കരണ രീതി കൊണ്ടു വന്നിരിക്കുന്നത്.

രാജ്യത്തുണ്ടാകുന്ന ഗാർഹിക മാലിന്യങ്ങളിൽ ഏറിയ പങ്കും ഊർജ്ജോൽപ്പാദനത്തിന് വിദേയമാക്കിയാണ് സ്വീഡൻ മറ്റു രാജ്യങ്ങൾക്ക് മാതൃക ആയിരിക്കുന്നത്.

ഓരോ വർഷവും രാജ്യത്ത് 4.4 ദശലക്ഷം ടൺ ഗാർഹിക മാലിന്യങ്ങളാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്. അതിൽ പകുതിയോളം അതായത് 2.2 ദശലക്ഷം ടൺ വരുന്ന ഗാർഹിക മാലിന്യങ്ങളും ഊർജ്ജോൽപ്പാദനത്തിനു വേണ്ടിയാണ് വിനിയോഗിക്കുന്നത്.

ബാക്കി വരുന്ന 50 ശതമാനത്തിൽ 49 ശതമാനം ഗാർഹിക മാലിന്യങ്ങളും recycle ചെയ്ത് പുന:രുപയോഗിക്കുകയും കൂടാതെ ബയോഗ്യാസ് പ്ലാന്റിലേക്കും ജൈവ വള നിർമ്മാണത്തിനും മാലിന്യത്തെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

അതു കഴിഞ്ഞ് അവശേഷിക്കുന്ന 1 ശതമാനം മാലിന്യങ്ങൾ മാത്രമാണ് landfill കളിലും മറ്റും നിക്ഷേപിക്കുന്നത്.

മാലിന്യത്തെ ഊർജ്ജത്തിലോട്ട് പരിവർത്തനം ചെയ്യുന്നതിന് സ്വീഡനിൽ നില നിൽക്കുന്ന ഒരു സംവിധാനമാണ് Waste - to- Energy പവർ പ്ലാന്റുകൾ.

ഗാർഹിക മാലിന്യങ്ങളെ പ്ലാന്റിലെ ഫർണ്ണസുകളിൽ ഉയർന്ന താപനിലയിൽ കത്തിച്ച് നീരാവി ഉൽപ്പാദിപ്പിക്കുകയും പിന്നീട് അതിൽ നിന്ന് ടർബൈൻ കറക്കി വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണ് ചെയ്യുന്നത്.

ഗാർഹിക മാലിന്യങ്ങൾ ആയാലും വ്യാവസായിക മാലിന്യങ്ങൾ ആയാലും വിവധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തരം തിരിച്ചതിനു ശേഷമാണ് അവയെ മാലിന്യ സംസ്കരണ യൂണിറ്റുകളിലേക്ക് കൈമാറുന്നത്. ഇയൊരു കാര്യത്തിൽ വളരെ ചിട്ടയായ സമീപനമാണ് സ്വീഡിഷ് ജനത പുലർത്തുന്നത്.

കൂടാതെ സ്വീഡിഷ് നിയമം അനുസരിച്ച് മാലിന്യങ്ങൾ ആരാണോ ഉൽപ്പാദിപ്പിക്കുന്നത് അവർ തന്നെയാണ് അവയുടെ നിർമ്മാർജ്ജനത്തിനും മറ്റുമുള്ള ചിലവു വഹിക്കേണ്ടതും. അതുകൊണ്ട് തന്നെ മാലിന്യങ്ങൾ കുറയ്ക്കുന്നതിന് വളരെ ശ്രദ്ധാലുക്കളാണ് സ്വീഡൻകാർ.

അത് കൂടാതെ ജനങ്ങളെ recycling - ന് പ്രോത്സാഹിപ്പിക്കുന്നതിന് ധാരാളം പദ്ധതികളും സ്വീഡിഷ് ഗവൺമെന്റ് കൈക്കൊള്ളുന്നുണ്ട്.

പുന:രുപയോഗിക്കാൻ കഴിയുന്ന ഉൽപ്പന്നങ്ങളെ പരമാവധി പുന:രുപയോഗിക്കുന്നതിന് സ്വീഡനിൽ നിലനിൽക്കുന്ന വ്യവസ്ഥയാണ് Circular Economy.

അതായത് സാധാരണ ഉപഭോക്താക്കളിൽ കണ്ടുവരുന്ന, ഉപയോഗത്തിനു ശേഷം വലിച്ചെറിയുന്ന സംസ്കാരത്തെ മാറ്റിക്കൊണ്ട് ഉൽപ്പന്നത്തെ മറ്റു പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുവായി ഉപയോഗിക്കുകയോ അല്ലെങ്കിൽ അതിന്റെ അറ്റകുറ്റപ്പണികൾ ചെയ്ത് പുന:ർ ഉപയോഗിക്കുകയോ ചെയ്യുകയാണ് വ്യവസ്ഥ കൊണ്ട് അർത്ഥമാക്കുന്നത്.

അതിലൂടെ മാലിന്യങ്ങൾ ഉണ്ടാക്കുന്നത് കുറയ്ക്കുന്നതിനോടൊപ്പം മെച്ചപ്പെട്ട സമ്പദ് വ്യവസ്ഥ നിലനിർത്താൻ കഴിയുന്നു എന്നതാണ് പ്രത്യേകത.

കൂടാതെ പരിസ്ഥിതി സൗഹാർദ്ദപരമായിട്ടുള്ള പുതിയ ഉൽപ്പന്നങ്ങൾ കണ്ടുപിടിക്കുന്നതിനും അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും മറ്റുമെല്ലാം സ്വീഡിഷ് ഗവൺമെന്റ് വളരെ അതികം പ്രാധാന്യമാണ് കൊടുക്കുന്നത്.

ഇനി അടുത്തതായിട്ട് പറയാനുള്ള സ്വീഡനിലും മറ്റു സ്കാന്റിനേവിയൻ രാജ്യങ്ങളിലും വളരെ പ്രചാരത്തിലുള്ള ഒരു recycling പദ്ധതിയെ കുറിച്ചാണ്.

Pant Scheme എന്നറിയപ്പെടുന്ന സംവിധാനത്തിലൂടെ Aluminium Can കളുടേയും PET Bottle കളുടേയും recycling ആണ് നടത്തുന്നത്. കൂടാതെ ഓരോ ബോട്ടിലും Recycle ചെയ്യുമ്പോൾ നിശ്ചിത നിരക്കിലുള്ള പ്രതിഫലവും വ്യക്തിക്ക് ലഭിക്കുന്നു.

ഇത്തരത്തിൽ ഓരോ വർഷവും 1.8 ലക്ഷം കോടി (billion) ബോട്ടിലുകളും ക്യാനുകളുമാണ് സ്വീഡനിൽ recycle ചെയ്യുന്നത്.

1975 കളിലായിരുന്നു സ്വീഡൻ മാലിന്യ നിർമ്മാർജ്ജനം കർക്കശമാക്കിയിരുന്നത്. പക്ഷേ അക്കാലത്ത് 38 ശതമാനം ഗാർഹിക മാലിന്യങ്ങൾ മാത്രമായിരുന്നു recycle ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ സ്വീഡൻ 99 ശതമാനം മാലിന്യങ്ങളും നിർമാർജ്ജനം ചെയ്യുന്ന രാജ്യമായി മാറി.

കൂടാതെ UK, നോർവേ, ഇറ്റലി, അയർലന്റ് എന്നീ രാജ്യങ്ങളിൽ നിന്നും 8 ലക്ഷം ടൺ മാലിന്യങ്ങളാണ് വർഷം തോറും ഇറക്കുമതി ചെയ്ത് recycle ചെയ്യുന്നത്.

ഇനി വരുന്ന വർഷങ്ങളിൽ zero waste എന്ന ലക്ഷ്യത്തിലെത്താനുള്ള പരിശ്രമത്തിലാണ് സ്വീഡൻ ഇപ്പോൾ.

എല്ലായ്പ്പോഴും പറയുന്നത് പോലെ സ്വീഡനെ പോലെയുള്ള സ്കാന്റിനേവിയൻ രാജ്യങ്ങളുടെ ഇത്തരം പ്രചോദനമാകുന്ന മാതൃകകൾ മറ്റു രാജ്യങ്ങളിലും പ്രാവർത്തികമാകട്ടെ എന്ന് പ്രത്യാശിച്ചു കൊണ്ട് വിവരണം ഇവിടെ നിർത്തുകയാണ്.

bottom of page